
തൃശ്ശൂരിൽ യുവതിയെ തട്ടിക്കൊണ്ടുപോയി തടവിൽ പാർപ്പിച്ച് മർദ്ദിച്ച സംഭവത്തിൽ അഞ്ചുപേർ അറസ്റ്റിൽ. തൃശൂർ നായരങ്ങാടി സ്വദേശിയായ ഗോപു എന്ന് വിളിക്കുന്ന ഗോപകുമാർ , കോഴിക്കോട് മേലൂർ സ്വദേശിയായ അഭിനാഷ് പി. ശങ്കർ, ആമ്പല്ലൂർ സ്വദേശിയായ ജിതിൻ ജോഷി, കോഴിക്കോട് മേലൂർ സ്വദേശിയായ ആതിര, തിരുവനന്തപുരം വെള്ളറട സ്വദേശിയായ അഞ്ജു എന്നിവരാണ് അറസ്റ്റിലായത്. മറ്റൊരു കേസ് അന്വേഷിച്ച് പ്രതികളുടെ വീട്ടിലെത്തിയപ്പോഴാണ് തൃശൂർ മനക്കൊടി സ്വദേശിനിയായ യുവതിയെ തടവിൽ പാർപ്പിച്ചിരിക്കുന്നത് പൊലീസ് കണ്ടെത്തിയത്.
മൂന്നുദിവസത്തോളം തടവിൽ പാർപ്പിച്ച് ക്രൂരമായി മർദിച്ചെന്നും കൈവശമുണ്ടായിരുന്ന രണ്ടര പവൻ മാലയും ഒന്നരപ്പവൻറെ വളയും പ്രതികൾ കവർന്നെടുത്തെന്നും യുവതി പൊലീസിനോട് വെളിപ്പെടുത്തി. യുവതിയും ആൺ സുഹൃത്തും കൈകാര്യം ചെയ്തിരുന്ന സ്പാ സെൻററിലെ കണക്ക് നോക്കാൻ എത്താത്തിലെ വൈരാഗ്യമാണ് ആക്രമണത്തിന് പിന്നിലെന്നാണ് റിപ്പോർട്ട്.
പാലിയേക്കരയിലെ കോഫി ഷോപ്പിലെ ജീവനക്കാരനെ മർദിച്ച കേസ് അന്വേഷണത്തിൻറെ ഭാഗമായി പ്രതികളിലൊരാളുടെ വീട്ടിലെത്തിയപ്പോഴാണ് തട്ടിക്കൊണ്ടുപോകൽ പുറത്തുവന്നത്.പ്രതികൾ ലഹരി വസ്തുക്കൾ ഉപയോഗിക്കുന്നവരാണെന്ന് പൊലീസ് പറഞ്ഞു. യുവതിയെ ആക്രമിക്കുന്നതിൻറെ ദൃശ്യങ്ങളും പുറത്തവന്നു. കോഫി ഷോപ്പിലെ ജീവനക്കാരനെ പ്രതികളിലൊരാൾ മർദിക്കുന്നതിൻറെ ദൃശ്യവും നേരത്തെ പൊലീസിന് ലഭിച്ചിരുന്നു. ഇത് കേന്ദ്രീകരിച്ച ്നടത്തിയ അന്വേഷണത്തിനിടെയാണ് യുവതിയെ തട്ടിക്കൊണ്ടുപോയ സംഭവവും പുറത്തുവരുന്നത്.











